കോൽക്കത്ത: ബംഗാളിൽ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതിഷേധത്തിൽ. വടക്കൻ ബംഗാൾ മുതൽ തെക്കൻ ബംഗാൾ വരെ സീറ്റ് ലഭിക്കാത്ത നേതാക്കൾ പ്രതിഷേധിച്ചു. ചിലർ പാർട്ടി സംഘടനാപദവി രാജിവച്ചു.
74 എംഎൽഎമാർക്കാണ് ഇത്തവണ തൃണമൂൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചത്. മൂന്നിലൊന്ന് എംഎൽഎമാർക്കും സീറ്റില്ല. ഭരണവിരുദ്ധ വികാരം മറികടക്കാൻ പുതുമുഖങ്ങളെ അവതരിപ്പിക്കുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രി മമത ബാനർജി പയറ്റുന്നത്.
തന്റെ മണ്ഡലമായ രാജ്ഗഞ്ച് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് സ്വപ്ന ബർമനു നല്കിയതിൽ കടുത്ത രോഷത്തിലാണ് മുതിർന്ന എംഎൽഎ ഖാഗേശ്വർ റോയി. സ്വപ്ന ബർമൻ പരാജയപ്പെടുമെന്ന് റോയി പറഞ്ഞു.
ആംഡംഗ സീറ്റ് നിഷേധിക്കപ്പെട്ട റഫിഖുർ റഹ്മാനും കടുത്ത പ്രതിഷേധത്തിലാണ്. പീർസാസ കാസിം ആണ് ഇവിടെ തൃണമൂൽ സ്ഥാനാർഥി. റോഡ് ഉപരോധിച്ചാണ് റഹ്മാന്റെ അനുയായികൾ പ്രതിഷേധിച്ചത്.
ചിൻസുരയിൽ സീറ്റ് നിഷേധിക്കപ്പെട്ട അസിത് മജുംദാർ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതിന്റെ സൂചന നല്കി. യുവനേതാവും തൃണമൂൽ ഐടി സെൽ തലവനുമായ ദേബാംഗ്ഷു ഭട്ടാചാര്യക്കാണ് ചിൻസുരയിൽ സീറ്റ് നല്കിയത്. മജുംദാറിനെ അനുനയിപ്പിക്കാൻ ഭട്ടാചാര്യ ശ്രമിക്കുന്നു.